Thursday, 29 March 2018

കാരാഴ്മ

ഭാരതത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ ക്ഷേത്രങ്ങളുടെ സ്ഥാനം അതുല്യമാണ്. മഹാനദികള്‍ക്കും മഹാക്ഷേത്രങ്ങള്‍ക്കും ചുറ്റുപാടുമായി വളര്‍ന്നു വികാസം പ്രാപിച്ച നാഗരികതയാണ് നമ്മുടേത്. ജനപദത്തിന്റെ ഭാഗധേയത്തെ നിയന്ത്രിച്ചിരുന്ന ആ ക്ഷേത്രസംസ്‌ക്കാരം വൈദേശികതയോടുള്ള ഭ്രമത്തിന്റെ തിരത്തള്ളലില്‍ ഏതാനും ദശാബ്ദങ്ങളായി ജീര്‍ണ്ണിച്ചു വരികയായിരുന്നു. എന്നാല്‍ കാര്‍മേഘപടലങ്ങള്‍ക്കിടയില്‍ നിന്നും അതീവശോഭയോടെ പുറത്തുവരുന്ന പൂര്‍ണചന്ദ്രനെപ്പോലെ ഭക്തിയും വിശ്വാസവും വീണ്ടും ജനമനസ്സുകളില്‍ വേരൂന്നുന്നതും തകര്‍ന്നുകിടക്കുന്ന ക്ഷേത്രങ്ങള്‍പോലും പുനരുദ്ധരിക്കപ്പെടുന്നതുമായ കാഴ്ചയാണ് ഇന്ന് കാണുന്നത്.
ചരിത്രം വ്യക്ത്യധിഷ്ഠിതമായല്ലാതെ നോക്കിയാല്‍ മനുഷ്യന്റെ നേട്ടങ്ങളുടെയും പുരോഗതിയുടെയും സമാഹാരമാണ്. അന്നന്നു വാഴുന്നവരുടെ ഇംഗിതമനുസരിച്ച് ചരിത്രത്തിലെ വാഴ്ത്തലുകളും തമസ്‌ക്കരണങ്ങളും നടന്നിട്ടുണ്ട്. സിന്ധിലെ ലര്‍ഘാനാ ഡിസ്ട്രിക്ടിലുള്ള മോഹന്‍ജദാരോവിലും പഞ്ചാബ് പ്രവിശ്യയിലെ മോണ്‍ഗോമറി ഡിസ്ട്രിക്ടിലുള്ള ഹാരപ്പയിലും സിന്ധിലെയും ബലൂചിസ്ഥാനിലെയും പല സ്ഥലങ്ങലിലും നടത്തിയ ഭൗമോല്‍ഖനനങ്ങളില്‍ നിന്നും ഇന്‍ഡസ് വാലി പ്രദേശങ്ങളില്‍ പുരോഗതി പ്രാപിച്ച ഒരു നാഗരികത അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ നിലവിലിരുന്നു എന്ന് സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. അയ്യായിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ഹൈന്ദവ സംസ്‌ക്കാരത്തിന്റെ ശക്തിസ്രോതസ്സുകള്‍ ഗ്രാമാന്തരങ്ങളിലും മലമുകളിലും വനമധ്യത്തില്‍ പോലും കാണുന്ന ക്ഷേത്രങ്ങളും സമസ്ത ചരാചരങ്ങളും ഈശ്വരാംശമാണെന്ന ദര്‍ശനവുമാണ്.
സാമൂഹ്യജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മണ്ഡലങ്ങളിലേക്ക് എന്റെ പൈതൃകത്തെപ്പറ്റി ഒരന്വേഷണം നടത്താന്‍ ആകാംഷ തോന്നി. ഞാന്‍ എന്തിനൊക്കെയാണ് അവകാശിയായിട്ടുള്ളത്. ഈ ചോദ്യം എന്നെ ഒരു ഗ്രാമത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലേക്കും ഏതാനും ക്ഷേത്രങ്ങളുടെ തിരുനടയിലേക്കും നയിച്ചു. ഈ അന്വേഷണം ആധികാരികതയുടെ പിന്‍ബലമുള്ള ഒരു ചരിത്രരചനയ്ക്കു വേണ്ടിയായിരുന്നില്ല. കാരണവന്‍മാരുടെ ഓര്‍മയുടെ ചെപ്പില്‍ സൂക്ഷിച്ചിരിക്കുന്ന സംഭവങ്ങളെയും കെട്ടുകഥകള്‍ക്കു സമാനമായ പഴംകഥകളെയും അഭിമാനത്തോടെ ഓര്‍ക്കാന്‍ പര്യാപ്തമായ ഒരു ഗ്രാമത്തിന്റെ ഗതകാലപ്രൗഢിയെയും യുക്ത്യധിഷ്ഠിതമായി സമാഹരിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ ശ്രമം ആരംഭിച്ചപ്പോള്‍ മണ്‍മറഞ്ഞുകിടന്ന വിസ്മൃതമായിപ്പോയ ആധികാരിക ചരിത്രം തെളിവുകളോടെ ഉയിര്‍ത്തെഴുന്നേറ്റു വരികയായിരുന്നു.
മലയാളബ്രാഹ്മണര്‍ ഇവിടെ ചിരപ്രതിഷ്ഠ നേടുന്നതിനു മുന്‍പ് കേരളം മുക്കാല്‍ഭാഗവും വനപ്രദേശവും ദ്രാവിഡ ആദിവാസിവിഭാഗങ്ങളുടെ ആവാസസ്ഥാനവുമായിരുന്നു. കാവും കുളങ്ങളും ചേര്‍ന്ന സങ്കേതങ്ങളായിരുന്നു അക്കാലത്തെ ആരാധനാകേന്ദ്രങ്ങള്‍. തച്ചുശാസ്ത്രപ്രകാരമുള്ള നിര്‍മ്മിതികളും പഞ്ചപ്രാസാദങ്ങളോടുകൂടിയ ക്ഷേത്രങ്ങളും താന്ത്രിക സമ്പ്രദായത്തോടുകൂടിയ പൂജകളും പിന്നീട് ഉണ്ടായതാണ്. കാളിക്കാവുകളും യക്ഷിക്കാവുകളുമായിരുന്നു അന്ന് സര്‍വ്വസാധാരണം. മാടന്‍, മറുത, മൂര്‍ത്തി, മലദൈവങ്ങള്‍ തുടങ്ങിയവയെ അവര്‍ ആരാധിച്ചു വന്നു. യക്ഷി എന്നത് ഇന്ന് ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ വികലമായ കാഴ്ചപ്പാടോടുകൂടിയ ഒരു സങ്കല്‍പ്പമല്ല. ഗന്ധര്‍വ്വന്റെ ഭാര്യാസങ്കല്‍പ്പത്തിലുള്ള ഒരു വനദേവതയാണ് യക്ഷി. കേരളത്തിലെ ആദിമകാലത്തെ ആരാധനാകേന്ദ്രങ്ങള്‍ ഇത്തരം കാവുകളാണ്. അവ സര്‍പ്പക്കാവുകള്‍ ആയിരുന്നില്ല.
പിന്നീടു വന്ന ബ്രാഹ്മണാചാരങ്ങള്‍ ഈ ദ്രാവിഡസങ്കല്‍പ്പങ്ങളെ തള്ളാതെ അവയോടൊപ്പം ലയിപ്പിച്ചു ചേര്‍ത്തു. അങ്ങനെ പ്രധാന ആരാധനാമൂര്‍ത്തിയുടെ പര്യംപുറങ്ങളില്‍ മാടനും മരുതയും പേയും പിശാചും ഇടം പിടിച്ചു. ആലാക്കാവ് ദേവീക്ഷേത്രം ഇരിക്കുന്നയിടം പൂര്‍വികമായി യക്ഷിയുടെ അധീനതയില്‍ ഉള്ള കാവായിരുന്നു. കാവാചാരപ്രകാരമുള്ള പൂജാവിധികളാണ് അവിടെ ഉണ്ടായിരുന്നത്. പ്രധാന മൂര്‍ത്തിയുടെ മുന്‍പില്‍ മുന്‍പോട്ട് ദര്‍ശനമായി പ്രതിഷ്ഠകള്‍ ഉണ്ടാകാറില്ല. മുന്‍പില്‍ സ്ഥാനമുള്ളവര്‍ പ്രധാനമൂര്‍ത്തിക്ക് അഭിമുഖമായിട്ടായിരിക്കും പ്രതിഷ്ഠിക്കപ്പെടുക. എന്നാല്‍ ആലാക്കാവില്‍ കിഴക്കു ദര്‍ശനമായി യക്ഷി ഇരിക്കുന്നതില്‍ നിന്നു തന്നെ ഈ സങ്കേതം യക്ഷിയുടെ അധീനതയിലുള്ളതായിരുന്നെന്നും മറ്റു ദേവതാ സങ്കല്‍പ്പങ്ങള്‍ പിന്നീട് പ്രതിഷ്ഠിക്കപ്പെട്ടതാണെന്നും വ്യക്തമാണ്.
പിന്നീടാണ് കാരാഴ്മ അവകാശത്തോടുകൂടി ഒരു ബ്രാഹ്മണകുടുംബത്തെ ഇവിടെ കുടിയിരുത്തുന്നത്. അദ്ദേഹത്തിന്റെ ഉപാസനാമൂര്‍ത്തിയെ പ്രതിഷ്ഠിച്ച് പണിതതാണ് വനദുര്‍ഗയ്ക്കും ഭദ്രകാളിയ്ക്കും തുല്യപ്രാധാന്യമുള്ള ആലാക്കാവ് ക്ഷേത്രം. എന്നെന്നേയ്ക്കും അനുഭവത്തിനായി നിശ്ചയിച്ചു കൊടുക്കുന്ന ക്ഷേത്രപ്രവൃത്തിയെ കാരാഴ്മ എന്നു വിളിച്ചു വന്നു. പാരമ്പര്യമായി ക്ഷേത്രത്തിലെ പ്രവൃത്തിയെടുക്കുന്ന ആളാണ് കാര്യം ആളുന്ന കാരാളന്‍. ഇതിന് ഏകദേശം വിപരീതമാണ് ഊരാഴ്മ. ഊരാളരുടെ ഭരണം എന്നര്‍ത്ഥം. കാരാഴ്മ ഒരാളോ ഒരു കുടുംബമോ ആണ് അവകാശം കൈയാളുന്നതെങ്കില്‍, ഊരാഴ്മ ഒരു സംഘമാണ്. ക്ഷേത്രങ്ങളുടെ ഭരണസഭയിലുള്ള സ്ഥാനമാണ് ഈരാഴ്മ. ഭജനം മൂത്താല്‍ ഊരാഴ്മ എന്ന് ഒരു ചൊല്ലു തന്നെ ഉണ്ട്. ഊരാളന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഊരിനെ ആളുന്നവന്‍, ഭരിക്കുന്നവന്‍, ക്ഷേത്രാധികാരി എന്നാണ്. ആദ്യത്തേത് ഏകവചനമാണെങ്കില്‍ രണ്ടാമത്തേത് ഒന്നിലധികം വരുന്നതാണ്.
ക്ഷേത്രഭരണം കാര്യക്ഷമമായി നടത്തുന്നതിന് ഗ്രാമയോഗക്കാര്‍ തിരഞ്ഞെടുക്കുന്നവരായിരുന്നു ഊരാളസമിതി. എന്നാല്‍ പിന്നീട് ഇത് അതാത് കുടുംബക്കാരില്‍ അവകാശമായി ലയിച്ചു ചേര്‍ന്നിരുന്നു. ഊരാഴ്മക്കാരെ യോഗക്കാര്‍ എന്നും വിളിച്ചിരുന്നു.
അവര്‍ മിക്കപ്പോഴും ബ്രാഹ്മണകുടുംബാംഗങ്ങളായിരുന്നു. അക്കാലത്ത് സത്യസന്ധത, സന്‍മാര്ഗനിഷ്ഠ, ജ്ഞാനം, ആചാരങ്ങളിലുള്ള പ്രാവീണ്യം, വിശ്വാസദാര്‍ഢ്യം, ഭരണനിര്‍വ്വഹണശേഷി എന്നിവ കണക്കിലെടുത്താണ് ബ്രാഹ്മണരെ ഈ സ്ഥാനത്ത് നിയോഗിച്ചിരുന്നത്. മഹാക്ഷേത്രങ്ങള്‍ക്കാണ് ഊരാഴ്മക്കാര്‍ ഉണ്ടാവുക. ഇത് സാധാരണയായി പത്ത് അംഗങ്ങളുടെ സമിതിയാണ്. ഇങ്ങനെ പലയിടത്തും പത്തില്ലത്തില്‍ പോറ്റിമാരെ ചരിത്രത്തില്‍ കാണാം. ഇരുപത്തിയെട്ട് ഇല്ലക്കാര്‍ ഉള്ള സ്ഥലങ്ങളും ഉണ്ട്. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം, കുമാരനല്ലൂര്‍ കാര്‍ത്യായനി ക്ഷേത്രം, തൃപ്പുലിയൂര്‍ മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ ഊരാഴ്മ 28 ആണ്. ചില ഇല്ലങ്ങള്‍ അന്യം നിന്നു പോകുമ്പോള്‍ ആ അവകാശം സ്വഗോത്രത്തിലുള്ള മറ്റ് ഇല്ലക്കാരില്‍ ലയിച്ച് ഒരു ഇല്ലത്തേക്ക് രണ്ട് അവകാശം ഉണ്ടാവുകയും, മറ്റ് ചിലപ്പോള്‍ ഊരാഴ്മയുടെ എണ്ണം കുറവായിത്തീരുകയും ചെയ്യാറുണ്ടായിരുന്നു.       

Tuesday, 20 March 2018

History of Alakkavu Devi Temple

ആലാക്കാവ് ദേവീക്ഷേത്രം വളരെ പുരാതനമായി ചെങ്ങന്നൂരില്‍ നിലനിന്നു വരുന്ന, അത്യപൂര്‍വമായ പ്രതിഷ്ഠാ സങ്കല്പം കൊണ്ട് സവിശേഷമായ ദേവാലയമാണ്. ഇവിടെ വനദുര്‍ഗ എന്ന അപൂര്‍വ സങ്കല്പത്തിലാണ് പ്രതിഷ്ഠ. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍- മാവേലിക്കര റൂട്ടില്‍ ആലാ ജംക്ഷനില്‍ നിന്നും ഒരു കി.മി. മാറി ഉത്തരപ്പള്ളിയാറിന്റെ വടക്കേക്കരയിലാണ് പ്രസിദ്ധമായ ആലാക്കാവ് ദേവീക്ഷേത്രം. ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍നിന്നും ഏകദേശം അഞ്ചര കിലോമീറ്റര്‍ ദൂരമുണ്ട് ആലായിലേക്ക.് ഈവഴി പേരിശ്ശേരി മഠത്തുംപടി ജംക്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞാണ് വരേണ്ടത്.
തിരുവനന്തപുരത്തു നിന്നും എം.സി. റോഡു വഴി സഞ്ചരിച്ചാല്‍ വടക്കോട്ട് 120 കി.മി. ചെല്ലുന്നയിടത്താണ് ചെങ്ങന്നൂര്‍ പട്ടണം. എറണാകുളത്തു നിന്നും തെക്കോട്ട് കോട്ടയം വഴി വന്നാലും ഏകദേശം ഇത്രയും ദൂരമുണ്ട് ഇവിടേയ്ക്ക്.
പഴയ കാലത്തെ ഓടനാട് രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലങ്ങളായിരുന്നു ഇന്നത്തെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകള്‍. ആദ്യം മാവേലിക്കരയ്ക്കടുത്ത കണ്ടിയൂര്‍ മറ്റത്തായിരുന്നു ഓടനാടിന്റെ രാജ്യ തലസ്ഥാനം. പിന്നീട് അത് എരുവയിലേക്കും തുടര്‍ന്ന് കൃഷ്ണപുരത്തേക്കും മാറ്റിയതോടെ കായംകുളം രാജ്യം എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചി രാജ്യത്തിനു തെക്കുള്ള പ്രബലമായ ഒരു രാജ്യം കായംകുളമായിരുന്നു. തിരുവിതാംകൂറിന്റെ മുന്നേറ്റങ്ങള്‍ക്കെതിരായി വടക്കന്‍ രാജ്യങ്ങളുടെ കൂട്ടുകെട്ട് രൂപപ്പെടുത്തുന്നതില്‍ കായംകുളം രാജാവിന് ഒരു സുപ്രധാനമായ പങ്കുണ്ടായിരുന്നു. മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂറിന്റെ ഭരണമേറ്റെടുത്തതോടെ നാട്ടുരാജ്യങ്ങളെ ഒന്നൊന്നായി ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ തുടങ്ങി. 1734-ലെ യുദ്ധത്തില്‍ കായംകുളം രാജാവ് കൊല്ലപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്‍ സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് യുദ്ധം തുടര്‍ന്നു.
കായംകുളം രാജ്യത്തെ പരാജയപ്പെടുത്തുക ബുദ്ധിമുട്ടാണെന്ന് മാര്‍ത്താണ്ഡവര്‍മ്മയ്ക്കും ദിവാനായിരുന്ന രാമയ്യന്‍ ദളവയ്ക്കും മനസിലായി. ഈ രാജ്യത്തിന്റെ കരുത്തിന്റെയും ഐശ്വര്യത്തിന്റെയും രഹസ്യമെന്താണെന്ന് അന്വേഷിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ രാമയ്യനോട് ആവശ്യപ്പെട്ടു. കായംകുളം പിടിച്ചടക്കണമെന്ന് കടുത്ത വാശിയുണ്ടായിരുന്നതിനാല്‍ രാമയ്യന്‍ ദളവ തിരുവിതാംകൂര്‍ രാജാവിന്റെ ചാരനായി വേഷം മാറി കായംകുളത്തു ചെന്നു രഹസ്യമായി വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചെറിയ നാട്ടുരാജ്യത്തിന്റെ കരുത്തിന്റെയും ഉത്തരോത്തരം വര്‍ദ്ധിച്ചു വരുന്ന ഐശ്വര്യത്തിന്റെയും കാരണം അവിടുത്തെ രാജാവിന്റെ തേവാരപ്പുരയില്‍ ഇരിക്കുന്ന സര്‍വ്വ ലക്ഷണങ്ങളും തികഞ്ഞ ഒരു സ്വര്‍ണശ്രീചക്രമാണെന്ന് മനസിലായി. അവിടെ ദിനംപ്രതി മുടക്കം കൂടാതെ വിധിപ്രകാരമുള്ള പൂജ നടക്കുന്നുണ്ടെന്നും അതവിടെ ഇരിക്കുന്നിടത്തോളം കാലം ഐശ്വര്യാഭിവൃദ്ധികളല്ലാതെ രാജ്യത്തിനും രാജവംശത്തിനും ഒരുകാലത്തും ക്ഷയം നേരിടുകയില്ലെന്നും അറിയാനിടയായി. അതിനാല്‍ ഈ ശ്രീചക്രം ഏതുവിധേനയും തട്ടിയെടുത്ത് കൊണ്ടുപോകണമെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തി.
ദളവ ഒരു ഭ്രാന്തന്റെ വേഷം ധരിച്ച് തേവാരപ്പുരയുടെ അടുക്കല്‍ ചെന്നുകൂടി. വല്ലതുമൊക്കെ പുലമ്പിക്കൊണ്ടിരിക്കുമെന്നാല്ലാതെ അദ്ദേഹത്തെക്കൊണ്ട് അവിടെ ഉപദ്രവമൊന്നും ഉണ്ടായിരുന്നില്ല. അതിരാവിലെ കുളിച്ച് കുറിയുമിട്ട് പൂക്കള്‍ ഒരുക്കിക്കൊടുക്കുക, പൂജാപാത്രങ്ങള്‍ കഴുകിക്കൊടുക്കുക തുടങ്ങിയ ചില്ലറ ഉപകാരങ്ങള്‍ ഇയാള്‍ ചെയ്തു പോന്നു. ഇങ്ങനെ കുറെ കഴിഞ്ഞപ്പോള്‍ ഈ സാധുമനുഷ്യനു ഭ്രാന്തുണ്ടെങ്കിലും ഒരു ഉപദ്രവകാരിയല്ല എന്നൊരു ധാരണ എല്ലാവര്‍ക്കുമുണ്ടായി. ശാന്തിക്കാരന്‍ രാവിലെ കുളിച്ചു വന്ന് നിര്‍മാല്യം വാരി പുറത്തിട്ടാലുടനെ ഈ ഭ്രാന്തന്‍ അതെല്ലാം വാരി ഒരു വട്ടിയിലാക്കി തലയില്‍ വെച്ചുകൊണ്ട് കാവല്‍ക്കാരുടെ അടുത്തു ചെന്ന് ഇതാ ശ്രീചക്രം ഞാന്‍ കൊണ്ടുപോകുന്നു വേണമെങ്കില്‍ പിടിച്ചുകൊള്‍വിന്‍ അല്ലെങ്കില്‍ ഞാന്‍ കൊണ്ടുപോകും എന്നു പറയും. അതുകഴിഞ്ഞ് രാജാവിരിക്കുന്ന മാളികയുടെ ചുവട്ടില്‍ ചെന്ന് ഇതാ ശ്രീചക്രം ഞാന്‍ കൊണ്ടുപോകുന്നു ഇവിടുത്തെ ചോറു തിന്നുന്ന പട്ടാളക്കാര്‍ നന്ദിയില്ലാത്തവരാണ് അവരോട് ഞാന്‍ വിവരം പറഞ്ഞിട്ട് അവര്‍ എന്നെ പിടിച്ചില്ല. അവിടുന്നും മൗനമവലംബിച്ചാല്‍ ശ്രീചക്രം പോകും ഇവിടം നശിക്കുകയും ചെയ്യും. പിന്നെ വിചാരിച്ചാല്‍ ഫലമൊന്നുമുണ്ടാവുകയില്ല. എന്നു വിളിച്ചു പറയും. ഇതുകേട്ടു കാവല്‍ക്കാരും രാജാവിന്റെ പട്ടാളക്കാരും രണ്ടുമൂന്നു ദിവസം ഭ്രാന്തന്റെ വട്ടി പരിശോധിച്ചു. അതില്‍ പൂക്കളല്ലാതെ മറ്റൊന്നും കണ്ടില്ല. അതിനാല്‍ ഇയാള്‍ വെറുതെ ഭ്രാന്തു പറയുകയാണെന്ന് എല്ലാവരും തീര്‍ച്ചയാക്കി. പിന്നെ അയാള്‍ ഇത്തരത്തില്‍ ദിവസവും പറയുമ്പോള്‍ ഓഹോ കൊണ്ടുപൊയ്‌ക്കൊള്ളൂ ശ്രീചക്രം ഇവിടെ ആര്‍ക്കും വേണ്ടാ എന്ന് എല്ലാവരും പറയുക പതിവായി. ഇങ്ങനെ ആറുമാസക്കാലം കഴിഞ്ഞപ്പോള്‍ ഒരു ദിവസം തേവാരപ്പുരയില്‍ ശാന്തിക്കാരനില്ലാതിരുന്ന തക്കം നോക്കി രാമയ്യന്‍ദളവ ശ്രീചക്രമെടുത്ത് വട്ടിയിലാക്കി അതിന്റെ മീതെ പൂക്കളും വാരിയിട്ട് തലയില്‍ വെച്ച് പതിവുപോലെ കോട്ടവാതില്‍ക്കലെത്തി പട്ടാളക്കാരെ വിളിച്ച് ഇതാ ശ്രീചക്രം ഞാന്‍ കൊണ്ടുപോകുന്നു. ഇത്രനാളും പറഞ്ഞതുപോലെയല്ല, ഇന്ന് സത്യമായിട്ടും ശ്രീചക്രം എന്റെ വട്ടിയിലുണ്ട്. എന്നു പറഞ്ഞു. എങ്കിലും ഇയാള്‍ പതിവു പോലെ ഭ്രാന്തു പറയുകയാണെന്നു വിചാരിച്ച് കാവല്‍ക്കാര്‍ എന്നാല്‍ കൊണ്ടുപൊയ്‌ക്കൊള്ളൂ എന്നു പറഞ്ഞതല്ലാതെ വട്ടി പരിശോധിക്കുന്നതിന് തയ്യാറായില്ല. അതുകഴിഞ്ഞ് രാജാവിന്റെ മാളികയുടെ ചുവട്ടിലും ചെന്ന് ഇപ്രകാരം പറഞ്ഞു. എല്ലാവരും ചിരിച്ചുകൊണ്ടിരുന്നതേയുള്ളൂ. ഉടന്‍തന്നെ രാമയ്യന്‍ കയ്യില്‍കിട്ടിയതുമായി നേരേ തെക്കോട്ട് വെച്ചടിച്ചു. കുറച്ചു സമയം കഴിഞ്ഞു പൂജാരി തേവാരപ്പുരയില്‍ ചെന്നപ്പോള്‍ അവിടെ ശ്രീചക്രം കാണാതെ പരിഭ്രമിച്ച് കാവല്‍ക്കാരെ വിവരം അറിയിച്ചു. അപ്പോഴേക്കും രാജാവുള്‍പ്പടെ എല്ലാവരും വിവരം അറിഞ്ഞു. ഭ്രാന്തനെപ്പിടിക്കുന്നതിന് നാലു ദിക്കിലേക്കും ഭടന്‍മാര്‍ ഓട്ടം തുടങ്ങി. അപ്പോഴേക്കും ഭ്രാന്തന്‍ വേഷംമാറി പമ്പ കടന്നിരുന്നതിനാല്‍ എല്ലാവരും നിരാശയോടെ മടങ്ങിപ്പോന്നു. ശ്രീചക്രം നഷ്ടപ്പെട്ടതോടെ രാജാവിനും രാജ്യവാസികള്‍ക്കും വളരെ ദുഖമുണ്ടാവുകയും രാജ്യത്തിന് ഐശ്വര്യക്ഷയമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് രാമയ്യന്‍ ദളവയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സൈന്യം കായംകുളം സേനയെ തോല്‍പ്പിച്ച് കൊട്ടാരത്തില്‍ പ്രവേശിച്ചു. അപ്പോഴേക്കും രാജാവ് തന്റെ വിലപ്പെട്ട നിക്ഷേപങ്ങള്‍ മുഴുവന്‍ അഷ്ടമുടിക്കായലില്‍ കെട്ടിത്താഴ്ത്തിയ ശേഷം വടക്കന്‍ നാടുകളിലേക്ക് പലായനം ചെയ്തു. 1746ല്‍ കായംകുളം രാജ്യം തിരുവിതാംകൂറിനോട് ചേര്‍ക്കപ്പെട്ടു. അന്ന് കായംകുളത്തുനിന്നും ലഭിച്ച ശ്രീചക്രം ഇപ്പോഴും പദ്മനാഭപുരം കൊട്ടാരത്തിനുള്ളില്‍ സുരക്ഷിതമായിരിപ്പുണ്ടെന്നാണ് കേള്‍വി. കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ വടക്കു വശത്തുകൂടി പടിഞ്ഞാറോട്ടു തിരിയുന്ന വഴിയില്‍ അല്പം മാറിയാണ് ചരിത്രപ്രസിദ്ധി നേടിയ കൃഷ്ണപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളീയ വാസ്തുശില്പകലയുടെ മകുടോദാഹരണമാണ് ഈ കൊട്ടാരം. കേരളത്തില്‍ ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിപ്പമുള്ള ചുവര്‍ച്ചിത്രം ഈ കൊട്ടാരത്തിലാണുള്ളത്. 49 ചതുരശ്രമീറ്റര്‍ വലിപ്പത്തിലാണ് ഇത്. ഈ കൊട്ടാരം ഇപ്പോള്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയില്‍ മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു. കായംകുളം രാജാവ് കൊച്ചി തമ്പുരാനോടും എളങ്ങള്ളൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്ന ഇടപ്പള്ളിത്തമ്പുരാനോടും സൗഹാര്‍ദ്ദത്തിലാണ് കഴിഞ്ഞു വന്നിരുന്നത്.