Sunday, 12 March 2023

      ആലാക്കാവ് ദേവീക്ഷേത്രത്തില്‍ അഷ്ടബന്ധകലശം

ഭക്തജനങ്ങളെ,

                  ആലാക്കാവ് ദേവീക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ കഴിഞ്ഞിട്ട് 21 വര്‍ഷമാവുകയാണ്. അത്യപൂര്‍വമായ വനദുര്‍ഗാ പ്രതിഷ്ഠയായതിനാല്‍ മഴയും വെയിലും നേരിട്ട് പതിക്കുന്ന തരത്തില്‍ നാലുകെട്ടായിട്ടാണ് ക്ഷേത്രശ്രീകോവില്‍.വിഗ്രഹവും ശിലാപീഠവും തമ്മില്‍ ബന്ധിപ്പിക്കുന്ന അഷ്ടബന്ധം നിത്യ അഭിഷേകം, കാലാവസ്ഥ, കാലപ്പഴക്കം എന്നിവ മൂലം ബന്ധം വിടുമ്പോള്‍ പ്രതിഷ്ഠയ്ക്ക് ചൈതന്യക്ഷയം ഉണ്ടാകുമെന്ന് തന്ത്രശാസ്ത്രം പറയുന്നു. 12 വര്‍ഷം കഴിയുമ്പോള്‍ അഷ്ടബന്ധം നഷ്ടപ്പെട്ടാല്‍ ഒരു വിധത്തിലുള്ള കാലഗണനയും കൂടാതെ ഉടന്‍ തന്നെ അത് പുനസ്ഥാപിക്കണമെന്ന് നിര്‍ബന്ധമാണ്. പീഠ-ബിംബങ്ങള്‍ക്ക് പ്രകൃതി-പുരുഷ യോഗമാണ് തന്ത്രശാസ്ത്രം നല്‍കുന്ന സങ്കല്‍പ്പം. ചൈതന്യവും അനുഗ്രഹകലകളും ഐശ്വര്യവും അവിടെയാണ് ഉണ്ടാകുന്നത്. ആ ബന്ധം ഇല്ലാതെ വന്നാല്‍ ദേവചൈതന്യം നഷ്ടപ്പെട്ടു പോകുമെന്നാണ് വിശ്വാസം. ബിംബത്തില്‍ ദേവീചൈതന്യം ആവാഹിച്ച് നിലനിര്‍ത്താനുള്ള വിശേഷാല്‍ പൂജാകര്‍മ്മങ്ങളാണ് അഷ്ടബന്ധ-നവീകരണകലശത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

               ‘ക്ഷയാത് ത്രായതേ ഇതി ക്ഷേത്ര’എന്നു പറയാറുണ്ട്. ക്ഷയത്തില്‍ നിന്നും ത്രാണനം ചെയ്യുന്നത് ക്ഷേത്രം. പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്ന ചൈതന്യത്തെ ശ്രീകോവിലിനുള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹത്തിലൂടെ ആരാധനായോഗ്യവും അനുഗ്രഹകരവും ആക്കി സര്‍വകലകളും വൈഭവങ്ങളും നിറഞ്ഞ് ക്ഷേത്രസങ്കേതം ശാന്തവിശുദ്ധവും ഭക്തജനങ്ങളുടെ അഭയസങ്കേതവുമാക്കിത്തീര്‍ക്കുന്ന പ്രതിഷ്ഠാസമാനമായ ചടങ്ങുകളാണ് അഷ്ഠബന്ധകലശത്തിലും അടങ്ങിയിരിക്കുന്നത്.

               ഇരുള്‍ നീങ്ങി വെളിച്ചം ലഭിക്കാനാണ് വിളക്ക് തെളിക്കുന്നത്. എന്നാല്‍ എണ്ണ കുറയുകയോ, വിളക്കില്‍ കരി പിടിക്കുകയോ, തിരി കത്തിത്തീരുകയോ ചെയ്യുമ്പോള്‍ പ്രകാശം മങ്ങിപ്പോകുന്നു. അപ്പോള്‍ നാം വിളക്കു വൃത്തിയാക്കുകയും എണ്ണയൊഴിച്ച് പുതിയ തിരി ഇടുകയും ചെയ്യുന്നു. അങ്ങനെ ദീപം പ്രകാശമാനമാകുകയും പ്രഭാപ്രസരണം കൂടുതല്‍ ദീപ്തമാവുകയും ചെയ്യും. ഇതാണ് എല്ലാ നവീകരണങ്ങളുടെയും അടിസ്ഥാനം.

               നമ്മുടെ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം 2023 മാര്‍ച്ച് 28, 29, 30 തീയതികളിലായി നടത്തപ്പെടുകയാണ്.  തന്ത്രിമുഖ്യന്‍ താഴമണ്‍മഠം ബ്രഹ്മശ്രീ കണ്ഠരരു മോഹനരുടെയും ബ്രഹ്മശ്രീ  മഹേഷ് മോഹനരുടെയും മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ഒന്നാം ദിവസം പ്രാസാദശുദ്ധി ക്രിയകള്‍, രണ്ടാം ദിവസം ബിംബശുദ്ധി ക്രിയകള്‍ ചതുശ്ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം വൈകിട്ട് കുംഭേശ-കര്‍ക്കരി പൂജ, ബ്രഹ്മകലശപൂജ, അധിവാസ ഹോമം, അധിവാസപൂജ തുടങ്ങിയവ.  മൂന്നാം ദിവസം 2023 മാര്‍ച്ച് 30 (1198 മീനം 16) വ്യാഴാഴ്ച പുണര്‍തം നക്ഷത്രം രാവിലെ 9.15 നും 10.45നും മധ്യേ ഇടവം രാശി ശുഭമുഹൂര്‍ത്തത്തില്‍ അഷ്ടബന്ധം ചാര്‍ത്തി കലശാഭഷേകം, ഉപദേവതാ കലശാഭിഷേകം. ഈ മഹദ്കര്‍മ്മത്തില്‍ എല്ലാ സജ്ജനങ്ങളുടേയും സാന്നിദ്ധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

                                                                           എന്ന് 

                                                                                      ദേവസ്വം ഭാരവാഹികള്‍


               NB: 2023 ഏപ്രില്‍ 15 മുതല്‍ 24 വരെ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം, സപ്താഹയജ്ഞം, ലക്ഷാര്‍ച്ചന, നാരായണീയ സത്സംഗം, കലാപരിപാടികള്‍ എന്നിവയോടെ പത്താമുദയ മഹോത്സവം കൊണ്ടാടുകയാണ്. നമ്മുടെ ക്ഷേത്രത്തില്‍ ഇദംപ്രഥമായാണ് ഒരു ലക്ഷാര്‍ച്ചന നടക്കുന്നത്. 51 വേദപണ്ഡിതരുടെ നേതൃത്വത്തിലാണ് ലക്ഷാര്‍ച്ചന. ലളിതാ സഹസ്രനാമം ജപിക്കുന്നതും, കേള്‍ക്കുന്നതും, സാന്നിദ്ധ്യം കൊണ്ട് യജ്ഞത്തില്‍ പങ്കെടുക്കുന്നതും അനുഗ്രഹദായകമാണ്. ലക്ഷാര്‍ച്ചനയുടെ വിവരങ്ങള്‍ക്കും ക്ഷേത്രവഴിപാടുകള്‍ക്കും ബന്ധപ്പെടേണ്ട നമ്പര്‍ : 99466 73276.


No comments:

Post a Comment