Wednesday, 4 April 2018

കേരളത്തിലെ നമ്പ്യാതിരിമാര്‍

പ്രശസ്തമായ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു ഇടപ്പള്ളി നമ്പ്യാതിരി. തൃക്കാക്കരയപ്പന്റെ അനുഗ്രഹം കൊണ്ടും പടിപടിയായി ഉയര്‍ന്നുവരാനുള്ള ഇച്ഛാശക്തികൊണ്ടും ജാതകത്തിലെ രാജയോഗം കൊണ്ടും രാജപദവിയിലെത്തിയ ആളാണ് അദ്ദേഹം. കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു രാജവംശങ്ങള്‍ ബ്രാഹ്മണകുലത്തില്‍ പെട്ടവരായിരുന്നു. ചെമ്പകശേരി, ഇടപ്പള്ളി, പറവൂര്‍ എന്നിവയാണവ. ഇതില്‍ ചെമ്പകശേരി നമ്പൂതിരിയും മറ്റുള്ളവ നമ്പ്യാതിരിമാരുമായിരുന്നു. ഇതുകൂടാതെ നമ്പ്യാതിരിമാര്‍ ഭരിച്ചിരുന്ന ചെറുകിട പ്രദേശങ്ങള്‍ കൊടുങ്ങല്ലൂര്‍, ഇണ്ടന്‍തുരുത്തി, പെരുമ്പിള്ളി, ഉണിക്കുട്ടി, പുറക്കാട്, തിരുമലശേരി, മാമലശേരി എന്നിവിടങ്ങളിലുണ്ടായിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇടപ്പള്ളി നാടു ഭരിച്ചിരുന്ന ഇളങ്ങള്ളൂര്‍ സ്വരൂപത്തിന് എളങ്ങോല്‍, തെന്തളി തുടങ്ങി വേറെയും പേരുകളുണ്ട്. ഇടപ്പള്ളിത്തമ്പുരാനെ തെന്തളിത്തമ്പുരാന്‍, ദന്തളീശന്‍ എന്നും പലയിടത്തും പരാമര്‍ശിച്ചിട്ടുണ്ട്. പ്രസിദ്ധമായ കോകസന്ദേശത്തില്‍
 -കാണിന്റ നീ മഹിത മലനാടാം മണിച്ചെപ്പിലണ്‍പും
 പൂണാരം താര്‍വനിത വരിവണ്ടിനു പുല്ലാരവിന്ദം
 ക്ഷോണി പാലാവലി തിറയിടും തെന്തളിത്തമ്പുരാന്‍ താന്‍
 നീണാള്‍ വാഴും പുര വര മെടപ്പള്ളി മുല്‍പ്പാടു പിന്നെ- 
എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. തിരുവിതാംകൂറിന്റെ പലഭാഗങ്ങളിലും ഇടപ്പള്ളിക്ക് ദേശവഴികള്‍ ഉണ്ടായിരുന്നു. കല്ലൂപ്പാറ, ചെന്നിത്തല, തൃക്കുന്നപ്പുഴ തുടങ്ങിയ ദേശങ്ങള്‍ ഇടപ്പള്ളിത്തമ്പുരാന്റെ വകയായിരുന്നു. ഹിന്ദുധര്‍മ്മത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായി സ്വയം കരുതിയ അദ്ദേഹത്തിന്റെ കാലത്ത് തന്റെ രാജ്യത്തെ മാത്രമല്ല തിരുവിതാംകൂറിലെയും ക്ഷേത്രങ്ങള്‍ സുരക്ഷിതങ്ങളായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ ശക്തനായതോടെ ഇടപ്പള്ളി അദ്ദേഹത്തിന്റെ സാമന്തനായിത്തീര്‍ന്നു. ആശ്രയിക്കുന്നവര്‍ക്ക് അഭയസ്ഥാനമായിരുന്ന ഇടപ്പള്ളിത്തമ്പുരാന് മാര്‍ത്താണ്ഡവര്‍മ്മ പല സവിശേഷ അധികാരങ്ങളും വിട്ടു നല്‍കിയിരുന്നു. തിരുവിതാംകൂറിന്റെ പരിധിയില്‍ പെടുന്ന നിരവധി ക്ഷേത്രങ്ങളുടെ മേല്‍ക്കോയ്മ ഇടപ്പള്ളിക്കുണ്ടായിരുന്നു. പഴയ കാലത്ത് രാജ്യങ്ങള്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തിയാല്‍ ആ രാജ്യങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരിക്കുന്ന സമ്പ്രദായം പലപ്പോഴും ഉണ്ടായിരുന്നില്ല. ഒന്നുകില്‍ മേല്‍ക്കോയ്മ അവകാശപ്പെടുകയോ, കപ്പം സ്വീകരിച്ച് അംഗീകരിക്കുകയോ, ദേശവഴികള്‍ സ്വന്തമാക്കുകയോ, സ്വത്തുക്കള്‍ കൊള്ളയടിച്ച് കൊണ്ടുപോവുകയോ, ഭരിച്ചിരുന്ന രാജാവിന് തന്നെ വിട്ടുകൊടുക്കുകയോ, പ്രതീകാത്മകമായി അവിടുത്തെ ഒരു ക്ഷേത്രവും സ്വത്തുക്കളും തന്റേതാക്കുകയോ ഒക്കെ ചെയ്യുകയായിരുന്നു പതിവ്. ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തതയും വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ കുറവും പട്ടാളക്കാരെ കൂടുതലായി തീറ്റിപ്പോറ്റുന്ന ചെലവും കാരണമായിരുന്നിരിക്കണം ഇങ്ങനെ ചെയ്തിരുന്നത്. 
ഇടപ്പള്ളിത്തമ്പുരാന്റെയും കായംകുളം രാജാവിന്റെയും കാലത്ത് കൊല്ലത്തിനും കോഴിക്കോടിനും ഇടയ്ക്ക് വ്യാപകമായി ഉണ്ടായിരുന്ന ഒരു വിഭാഗം മലയാള ബ്രാഹ്മണരായിരുന്നു നമ്പ്യാതിരിമാര്‍. നിരവധി രാജ്യങ്ങളുടെയും ദേശങ്ങളുടെയും ഭരണാധികാരികള്‍  ആയിരുന്നതിനാല്‍ ബഹുമാനത്തിനും പദവികള്‍ക്കും ആദരവിനും പാത്രീഭൂതരായിരുന്ന നമ്പ്യാതിരിമാര്‍ രാജകീയ ബ്രാഹ്മണരായി കഴിഞ്ഞുവന്നു. എന്നാല്‍ ഇന്ന് ആ വിഭാഗം ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഏതാനും ചില കുടുംബങ്ങളായി ചുരുങ്ങുകയും ആ വാക്കും ജാതിപ്പേരും മലയാളനാട്ടില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. മാത്രവുമല്ല മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വ്യാപകമായിട്ടുള്ള ഇളയത് എന്ന ബ്രാഹ്മണസമുദായവുമായി നമ്പ്യാതിരിമാരെ തെറ്റായും അനുചിതമായും സാമ്യപ്പെടുത്തുന്ന സ്ഥിതിയും ഉണ്ടായി.
നമ്പ്യാതിരിമാര്‍ ആരാണ്? അവര്‍ ഇപ്പോള്‍ എവിടെയാണ്?
നമ്പ്യാതിരി എന്ന പദം യഥാര്‍ത്ഥത്തില്‍ ഉപയോഗിച്ചു വന്നത് ഭരണനിര്‍വഹണത്തിലും ധനുര്‍വേദത്തിലും പ്രാവീണ്യമുള്ള നമ്പൂതിരിമാരെ സൂചിപ്പിക്കുവാനാണ്. വേദങ്ങള്‍, ശാസ്ത്രം, സംഹിതകള്‍, വേദാന്തം, മീമാംസ, വിവിധ ഭാഷകള്‍ എന്നിവയില്‍ പ്രാവീണ്യമുള്ള നമ്പൂതിരിമാരെ ഭട്ടതിരി എന്നു വിളിച്ചു വന്നതുപോലെ, ഭരണകര്‍ത്താക്കള്‍ക്ക് ഉപദേശം നല്‍കുന്നവരും ഭരണനിര്‍വ്വഹണകാര്യങ്ങളും മറ്റും പ്രതിപാദിക്കുന്ന സ്മൃതികളില്‍ പ്രാവീണ്യം നേടിയവരും ആയ നമ്പൂതിരിമാര്‍ക്ക് നല്‍കിയ Titular designation ആണ് നമ്പ്യാതിരി എന്നത്. തിരി എന്ന അനുബന്ധ പദം ബഹുമാനാതിരേകത്തെ സൂചിപ്പിക്കുന്നു. തെറ്റിദ്ധാരണാജനകമായി പ്രചരിച്ചിരിക്കുന്നതുപോലെ അവര്‍ നായര്‍ സമുദായത്തിന്റെ പൗരോഹിത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചിരുന്നവരായിരുന്നെങ്കില്‍ ഒരിക്കലും തിരി എന്ന സ്ഥാനപ്പേര് ലഭിക്കുമായിരുന്നില്ല. നമ്പ്യാതിരിമാര്‍ ക്ഷത്രിയ രാജാക്കന്‍മാരുടെ മിനിസ്റ്റീരിയല്‍ ഉപദേശകന്‍മാരായും പലപ്പോഴും ചെറിയ ഭൂപ്രദേശങ്ങളുടെ ഭരണാധികാരികളായും പ്രവര്‍ത്തിച്ചിരുന്നു. ഉപനയനത്തിനും സമാവര്‍ത്തനത്തിനും ഇടയിലുള്ള വേദപഠനവും ഓത്തും മുതല്‍മുറ എന്ന നിലയില്‍ നിര്‍ബന്ധമായിരുന്നെങ്കിലും ഭരണനിര്‍വഹണത്തില്‍ വ്യാപൃതരായിരുന്നവര്‍ക്ക് വേദാധ്യയനവും തുടര്‍ ആചാരങ്ങളും നിര്‍ബന്ധമില്ലായിരുന്നു. തുടര്‍ച്ചയായ വേദപഠനം ഈ വിഭാഗത്തില്‍ പലര്‍ക്കും ജോലിയുടെ സ്വഭാവം മൂലം അസാധ്യമായിരുന്നതിനാല്‍ യാഗം മുതലായവ നടത്തിയിരുന്ന നമ്പൂതിരിമാരുടെ അത്രയും ഔന്നത്യം ഇവര്‍ക്ക് ചിലര്‍ നല്‍കിയിരുന്നില്ല. എന്നാല്‍ സുപ്രധാനമായ രാജകീയ ഔദ്യോഗിക ചടങ്ങുകളില്‍ വിശിഷ്ടരായ നമ്പൂതിരിമാരുടെ സ്ഥാനംതന്നെ ഇവര്‍ക്ക് ലഭിച്ചു വന്നു. പദ്മനാഭമേനോന്റെ കേരളചരിത്രത്തില്‍ കൊച്ചി രാജാവ് ഇവര്‍ക്കു നല്‍കിയിരുന്ന ബഹുമാന്യമായ സ്ഥാനത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. എ.ഡി. 1500 ല്‍ പോര്‍ച്ചുഗീസ് ക്യാപ്റ്റനായ അല്‍ബുക്കര്‍ക്ക് കൊല്ലം സന്ദര്‍ശിച്ചപ്പോള്‍ അവിടം ഭരിച്ചിരുന്നത് ഒരു റാണിയായിരുന്നു. തന്നെ സ്വീകരിച്ചത് ആ പ്രവിശ്യയുടെ ഗവര്‍ണറായിരുന്ന ഒരു നമ്പ്യാതിരിയായിരുന്നുവെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വസ്തുത നാഗം അയ്യായുടെ തിരുവിതാംകൂറിന്റെ ചരിത്രം എന്ന കൃതിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. കൊച്ചി രാജകീയ ചരിത്രരേഖകളില്‍ കോഴിക്കോട് സാമൂതിരിയുടെ ഒരു സഹോദരിയെ ഒരു നമ്പ്യാതിരിയക്ക് വിവാഹം കഴിച്ച് കൊടുത്തതായി പറഞ്ഞിട്ടുണ്ട്. അക്കാലത്ത് നമ്പൂതിരിയില്‍ കുറഞ്ഞ ബ്രാഹ്മണരെ ക്ഷത്രിയ രാജകുടുംബങ്ങളിലേക്ക് സ്വീകരിച്ചിരുന്നില്ല.
പന്നിയൂര്‍ ഗ്രാമത്തിലുള്ള നമ്പ്യാതിരിപ്പാട് എന്ന സ്ഥാനപ്പേരുള്ള നമ്പൂതിരിമാര്‍ പറവൂരിലേക്ക് കുടിയേറുകയും അവിടെ അങ്ങനെ ഒരു നമ്പ്യാതിരി കുടുംബം ഉണ്ടാവുകയും ചെയ്തു എന്നാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രേഖപ്പെടുത്തിയിരിക്കന്നത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഊരാഴ്മക്കാരില്‍ പ്രധാനി ഒരു നമ്പ്യാതിരി ആയിരുന്നു. തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍ ഇടപ്പള്ളിയിലെ നമ്പ്യാതിരിമാരായിരുന്നു എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള തന്റെ ചരിത്രഗ്രന്ഥത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. നമ്പ്യാതിരി എന്ന പദത്തിന് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിലും ഗുണ്ടര്‍ട്ടിന്റെ മലയാളം നിഘണ്ടുവിലും അര്‍ത്ഥം നല്‍കിയിരിക്കുന്നത് സായുധസേനയുടെ നിയന്ത്രണമുള്ള ബ്രാഹ്മണ തലവന്‍ എന്നാണ്. കേരളത്തില്‍ ആകമാനം വ്യപിച്ചു കിടന്നിരുന്ന ആയിരക്കണക്കിന് നമ്പ്യാതിരി കുടുംബങ്ങള്‍ ഇന്ന് കേരളത്തിലെ ഏതാനും തെക്കന്‍ താലൂക്കുകളില്‍ മാത്രമായി ചുരുങ്ങിയത് എങ്ങനെ? ഹരിപ്പാടിന് വടക്കോട്ട് അവര്‍ അപ്രത്യക്ഷരായിരിക്കുന്നു. അധികാരം വരെ കയ്യാളിയിരുന്ന പറവൂര്‍, പന്നിയൂര്‍, തിരുന്നാവായ, കൊടുങ്ങല്ലൂര്‍, കോഴിക്കോട്, വൈക്കം ഗ്രാമങ്ങളിലെ രാജകീയ ബ്രാഹ്മണരായ നമ്പ്യാതിരിമാര്‍ പൊടി പോലും അവശേഷിപ്പിക്കാതെ എങ്ങുപോയ് മറഞ്ഞു? ജൂതന്‍മാരെ കൊന്നൊടുക്കിയതുപോലെ അവരെ തുടച്ചു നീക്കിയതായി ചരിത്രരേഖകളില്‍ എവിടെയും ഇല്ല. ഇതിനുള്ള ഉത്തരം കൗതുകകരമാണ്.
മാര്‍ത്താണ്ഡവര്‍മ കായംകുളം ആക്രമിച്ചു കീഴടക്കുമ്പോള്‍ അവിടെ ധാരാളം നമ്പ്യാതിരി കുടുംബങ്ങള്‍ പ്രബലരായി ഉണ്ടായിരുന്നു. ആക്രമണസമയത്തും അതിനുശേഷവും അവര്‍ ഇടപ്പള്ളി സ്വരൂപത്തിനോടും കൊച്ചിത്തമ്പുരാനോടും കൂറുപുലര്‍ത്തി വന്നു. ഇതില്‍ അരിശം പൂണ്ട രാമയ്യന്‍ ദളവയും മറ്റും ചേര്‍ന്ന് രാജകീയ അധികാരം ഉപയോഗിച്ച് ഇവരെ സാമൂഹികമായി താഴ്ത്തിക്കെട്ടുന്നതിന് ശ്രമം ആരംഭിച്ചു. അക്കാലത്ത് യഥാര്‍ത്ഥത്തില്‍ ഉയര്‍ന്ന വിഭാഗത്തില്‍പെട്ട നായര്‍ സമുദായത്തിന്റെ പൗരോഹിത്യ കര്‍മ്മങ്ങള്‍ വടക്കന്‍കേരളത്തിലും മധ്യകേരളത്തിലും നിര്‍വഹിച്ചു വന്നിരുന്നത് ഇളയതുമാരും മറ്റു ഭാഗങ്ങളില്‍ ഇത് നമ്പ്യാത്തി വിഭാഗത്തില്‍ പെട്ടവരുമാണ്. ചരിത്രകാരന്‍മാരായ കെ.പി. പദ്മനാഭമേനോനും തിരുവങ്ങാട്ട് കൃഷ്ണക്കുറുപ്പും നമ്പ്യാത്തി എന്നത് വ്യത്യസ്ഥമായ ഒരു ജാതിവിഭാഗമാണെന്ന് അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. മലയാളം ലെക്‌സിക്കണ്‍ വോളിയം 7 പേജ് 432 ല്‍ നമ്പ്യാത്തി എന്നത് ഒരു പ്രത്യേക വിഭാഗമായി കൊടുത്തിട്ടുണ്ട്. രാമയ്യന്റെ സൂക്ഷ്മബുദ്ധി പ്രവര്‍ത്തിച്ചപ്പോള്‍ നായര്‍ സമുദായത്തിന്റെ അടിയന്തിരങ്ങള്‍ നടത്തുന്ന നമ്പ്യാത്തി സമുദായവും നമ്പ്യാതിരിയും തമ്മില്‍ പദസാമ്യമുണ്ടെന്നു മനസിലായി. ഈ സൗകര്യം ഉപയോഗിച്ച് മേലില്‍ നമ്പ്യാതിരിമാര്‍ നായര്‍ സമുദായത്തിന്റെ അടിയന്തിരങ്ങള്‍ നടത്തിച്ചു കൊടുക്കണമെന്ന് അധികാരം ഉപയോഗിച്ച് നിര്‍ബന്ധിച്ചു. രാജകീയ അധികാരം ഉപയോഗിച്ച് പല പരദേശവിഭാഗങ്ങളെയും ബ്രാഹ്മണസമുദായത്തില്‍ ഉള്‍പ്പെടുത്തുകയും പല കുടുംബങ്ങള്‍ക്കും ക്ഷേത്രങ്ങളുടെ താന്ത്രിക അവകാശം കൊടുത്തതിനും നിരവധി ഉദാഹരണങ്ങളുണ്ട്. ഇന്നത്തെ പല പ്രമുഖ തന്ത്രിമാരും ഇത്തരത്തില്‍  അവകാശം കിട്ടിയവരാണ്. ഈ രാജകീയ നിര്‍ബന്ധത്തില്‍ നിന്നും മുക്തി നേടാന്‍ ബുദ്ധിമാന്‍മാരായ നമ്പ്യാതിരിമാര്‍ കൂട്ടമായി സ്വമേധയാ തങ്ങളുടെ വിശേഷപ്പെട്ട രാജകീയ ബ്രാഹ്മണപദവിയെ സൂചിപ്പിക്കുന്ന നമ്പ്യാതിരി സ്ഥാനം ഉപേക്ഷിച്ച് പൊതുപേരായ നമ്പൂതിരി നിലനിര്‍ത്തി. പിന്നീട് ഇവര്‍ കേരളത്തിലെ മറ്റ് നമ്പൂതിരിമാരുമായി വിവാഹബന്ധത്തിലും ഏര്‍പ്പെട്ടു. 
ഈ ജാതിസ്ഥാനനിരാകരണം രാജകീയ വിരോധത്തില്‍ നിന്നും രക്ഷപ്പെടുന്നതിനും താഴ്ന്നതായി അവര്‍ കരുതിയിരുന്ന ഒരു പ്രവൃത്തി ചെയ്യുന്നതില്‍ നിന്നും ഒഴിവാകുന്നതിനും കായംകുളം രാജ്യത്തെ മാത്രം നമ്പ്യാതിരിമാര്‍ ചെയ്തതാണെങ്കിലും കാലം പോകെ മറ്റ് സ്ഥലങ്ങളിലും നമ്പ്യാതിരിമാര്‍ ബ്രാഹ്മണരില്‍ കുറഞ്ഞവരാണ് എന്ന തെറ്റായ പ്രചാരണം ആ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വലിയ അവമതിപ്പുണ്ടാക്കി. അങ്ങനെ മറ്റു സ്ഥലങ്ങളിലുള്ളവരും നമ്പൂതിരി എന്ന സ്ഥാനപ്പേരിലേക്ക് മാറി. ഇങ്ങനെ മാറ്റപ്പെട്ട കുടുംബങ്ങളുടെ എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തിലെ ഊരാഴ്മക്കാരായ ഉദയനാപുരത്തെ ഇണ്ടതുരുത്തി മനയിലെ നമ്പ്യാതിരിമാര്‍ ആ സ്ഥാനം ഉപേക്ഷിച്ച് നമ്പൂതിരി പദവി ഏറ്റെടുത്തവരാണ്. ഈ കുടുംബത്തിലെ രണ്ടു പേര്‍ ശബരിമല മേല്‍ശാന്തിമാരായി ഇരുന്നിട്ടുണ്ട്. മധ്യകേരളത്തില്‍ പ്രശസ്തമായിരുന്ന പെരുംപിള്ളി മനയിലെ നമ്പ്യാതിരി കുടുംബം സ്ഥാനം ഉപേക്ഷിച്ച് നമ്പൂതിരിമാരായി പ്രശസ്ത ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാരായി സേവനം നടത്തുന്നുണ്ട്. പുറക്കാട് നമ്പ്യാതിരി കുടുംബത്തിലെ പ്രശസ്തരായിരുന്ന ഇപ്പോള്‍ കുടമാളൂരിലുള്ള അമ്പലപ്പുഴ ദേവനാരായണന്‍ കുടുംബം നമ്പൂതിരിമാരായി മാറി. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ എട്ട് ഊരാഴ്മക്കാരില്‍ ഒരു നമ്പ്യാതിരി കുടുംബം ഇപ്പോള്‍ നമ്പൂതിരിമാരാണ്. ഇങ്ങനെ നമ്പ്യാതിരിമാര്‍ ഒരു കാലത്ത് അഭിമാനമായിരുന്ന അവരുടെ സ്ഥാനമുപേക്ഷിച്ച് നമ്പൂതിരിമാരായി ചുരുങ്ങിയതിന് ചരിത്രത്തില്‍ നിരവധി സാക്ഷ്യങ്ങളുണ്ട്.
രാമയ്യന്‍ ദളവയുടെ അടിച്ചമര്‍ത്താനും അവമതിക്കാനും കീഴ്‌പ്പെടുത്താനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാനത്യാഗത്തിന്റെ പിന്നിലെ ചേതോവികാരം. രാമയ്യന്‍ സ്വീകരിച്ച ഒരു അക്ഷരവ്യതിയാനത്തിന്റെ കുടിലബുദ്ധിയെ കുശാഗ്രബുദ്ധികളായ ബ്രാഹ്മണര്‍ അതേ അക്ഷരവ്യതിയാനം പ്രയോഗിച്ച് പരാജയപ്പെടുത്തി. അക്കാലത്ത് പേരും വാലുമൊന്നും ജനനസര്‍ട്ടിഫിക്കറ്റുകൊണ്ട് ശാശ്വതപ്പെടുത്തിയിരുന്നില്ലല്ലോ?  ബ്രിട്ടീഷുകാര്‍ കേരളം കീഴ്‌പ്പെടുത്തിക്കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ മറ്റൊരു ഭാഗത്തും നേരടേണ്ടി വരാതിരുന്ന ഞെട്ടിക്കുന്ന ഒരു സത്യം അവരെ നോക്കി കൊഞ്ഞനം കുത്തി. നാട്ടുരാജ്യങ്ങള്‍ അധീനതയില്‍ വന്നുവെങ്കിലും ഭൂമിയുടെ ഭൂരിഭാഗവും ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള ബ്രഹ്മസ്വം വകയോ അല്ലെങ്കില്‍ ക്ഷേത്രങ്ങളുടെ അധീനതയിലുള്ള ദേവസ്വം വകയോ ആയിരുന്നു എന്നതാണ് ആ സത്യം. അതിനെ മറികടക്കാന്‍ കൊണ്ടുവന്ന കുത്സിത നീക്കത്തിന്റെ പരിണിതഫലമാണ് കേരളത്തിലെ ഇന്നത്തെ ദേവസ്വം ബോര്‍ഡുകള്‍. അതേപോലെ രാജ്യം കീഴടക്കിയ ശേഷം അധികാരവും സ്വന്തം ക്ഷേത്രങ്ങളും കൈവശമുള്ള രാജകീയ ബ്രാഹ്മണരെ കീഴ്‌പ്പെടുത്തുവാന്‍ രാമയ്യന്‍ നടത്തിയ കുത്സിതനീക്കമാണ് ഓണാട്ടുകര ദേശത്ത് നമ്പ്യാതിരിമാരുടെ മേല്‍ നായര്‍സമുദായത്തിന്റെ പൗരോഹിത്യകര്‍മ്മം അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമം. ഇതിനെ അവര്‍ ബുദ്ധിപരമായിത്തന്നെ നേരിട്ടുവെങ്കിലും ഈ സംഭവം ചരിത്രത്തിലെ രസകരമായ ഒരു ഏടാണ്. ഇത് ഓണാട്ടുകരയിലുള്ള നമ്പ്യാതിരമാര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ അവര്‍ക്കുണ്ടായിരുന്ന ബന്ധുക്കളും സാമൂഹ്യമായി വരേണ്യവിഭാഗത്തില്‍പ്പെട്ടവരുമായ നമ്പ്യാതിരിമാരുമായുള്ള ബന്ധങ്ങളെ വരെ ഉലച്ചുകളഞ്ഞു. ഇവിടുത്തെ നമ്പ്യാതിരിമാരെ പിന്തുണച്ചിരുന്ന ആളുകളേയും പീഡനങ്ങള്‍ക്ക് ഇരയാക്കിയതായി 1923ലെ നമ്പൂതിരി യോഗക്ഷേമമഹാസഭയുടെ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
തെക്കന്‍ കേരളത്തില്‍ ബഹുഭൂരിപക്ഷവും പുതിയ വാല്‍ സ്വീകരിച്ച് രക്ഷപെട്ടുവെങ്കിലും ഒരു ചെറിയ വിഭാഗം രാജകീയ ശാസനം ഭയപ്പെട്ട് നായര്‍സമുദായത്തിന്റെ കര്‍മങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ ചില പ്രദേശങ്ങളില്‍ നമ്പ്യാതിരി, ഇളയത്, നമ്പ്യാത്തി എന്നീ വിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം നേര്‍ത്ത് ഇല്ലാതായി. കേരളത്തില്‍ത്തന്നെ കായംകുളത്തുകാരനായ സിനിമാറ്റോഗ്രാഫര്‍ കെ.പി. നമ്പ്യാതിരിയും പ്രശസ്ത ആദ്ധ്യാത്മിക പണ്ഡിതനായ പറക്കോട് എന്‍.വി. നമ്പ്യാതിരിയും മാത്രമാണ് ഈ പേര് നിലനിര്‍ത്തിയത്. ഒരു പ്രദേശത്തെങ്കിലും സാമൂഹികമായി ഇകഴ്ത്തപ്പെട്ട നമ്പ്യാതിരി സ്ഥാനപ്പേര് മറ്റ് സ്ഥലങ്ങളിലുള്ളവരും ഉപേക്ഷിച്ച് നമ്പൂതിരിമാരായി. ഇളയതും നമ്പ്യാത്തിയും നമ്പ്യാതിരിമാരാവുകയും അവരുടെ കുലത്തൊഴില്‍ തുടരുകയും ചെയ്തപ്പോള്‍ അപമാനിതരാകാന്‍ തയ്യാറല്ലാതിരുന്ന യഥാര്‍ത്ഥ നമ്പ്യാതിരിമാര്‍ തങ്ങളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ച തൊഴിലും തങ്ങളുടെ തെറ്റിദ്ധരിക്കപ്പെട്ട ജാതിപ്പേരും ഊരിയെറിഞ്ഞ് നമ്പൂതിരി എന്ന പേര് സ്വീകരിച്ചു. മദ്ധ്യതിരുവിതാംകൂറില്‍ നമ്പ്യാത്തി എന്ന വിഭാഗം അവശേഷിച്ച നമ്പ്യാതിരിമാരില്‍ ലയിച്ചു ചേര്‍ന്നു. അവരും പിന്നീട് നമ്പൂതിരിമാരായി ക്രമേണ പേരു മാറ്റി. കോലത്തു നാട്ടില്‍ നിന്നും തിരുവിതാംകൂറില്‍ അഭയം തേടിയെത്തിയ സാഗര-സമുദ്ര ദ്വിജന്‍മാരും തുളുനാട്ടില്‍ നിന്നും തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നും ക്ഷേത്രപുരോഹിതന്‍മാരായി കേരളത്തില്‍ വന്ന പോറ്റി (എമ്പ്രാന്‍) മാരും കാലപ്പഴക്കത്തില്‍ നമ്പൂതിരിമാരായി. അങ്ങനെ കൊച്ചിക്കു തെക്ക് ക്ഷേത്രപൗരോഹിത്യവൃത്തി ചെയ്യുന്ന എല്ലാവരും നമ്പൂതിരിമാരായി. ക്ഷേത്രപൗരോഹിത്യം ഇന്ന് നല്ല ധനാഗമമാര്‍ഗമായതോടെയും ഹിന്ദുവിലെ ഏതു ജാതിക്കും പൂജാരിയാകാമെന്ന് കോടതിവിധി വന്നതോടെയും മുന്‍പ് ബ്രാഹ്മണരെയും ബ്രാഹ്മണ്യത്തെയും തെറിപറഞ്ഞു നടന്നിരുന്നവര്‍ പലരും ഒരു നൂലും കഴുത്തിലിട്ട് പേരും വീട്ടുപേരും മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഈ ആക്രമണത്തിനും കൂടുതല്‍ വിധേയമായത് കൂടുതല്‍ പരിചിതമായ നമ്പൂതിരി എന്ന വാലാണ്. അങ്ങനെയാണ് തീട്ടത്തറയില്‍ മഠവും പുളിഞ്ചുവട്ടില്‍ മനയും ലക്ഷംവീട്ടില്‍ ഇല്ലവും റേഷന്‍കാര്‍ഡില്‍ പതിഞ്ഞുതുടങ്ങിയത്. എന്നാല്‍ യഥാര്‍ത്ഥ നമ്പൂതിരിമാരെ തിരിച്ചറിയാനുള്ള അവരുടെ ചടങ്ങുകളും ആചാരങ്ങളും വ്യവസ്ഥകളും പുതിയ തലമുറയ്ക്ക് അന്യമാണ്. 
ചെങ്ങന്നൂര്‍ താഴമണ്‍ തന്ത്രികുടുംബത്തിലെയും മറ്റും ഭട്ടതിരിമാര്‍ മുമ്പേയ്ക്കുതന്നെ ജാതി വാലുപേക്ഷിക്കുകയും തങ്ങളുടെ തെലുങ്ക് പൈതൃക സ്മരണ ഉണര്‍ത്തുന്നതരത്തില്‍ ശങ്കരര്, കണ്ഠരര് എന്നിങ്ങനെ പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് എല്ലാവരുടെയും പേരുകള്‍ ദേവന്‍മാരുടേതായിരുന്നെങ്കിലും ഈഴവരാദി പിന്നോക്ക വിഭാഗക്കാരുടെ പേരുകള്‍ ന്‍ എന്ന അക്ഷരത്തിലോ കുട്ടി എന്നോ അവസാനിച്ചിരുന്നതിനാല്‍ അതില്‍ നിന്ന് വ്യത്യസ്തവും ഉത്കൃഷ്ടതയും പൂജനീയതയും തോന്നിക്കുന്നതരത്തില്‍ തങ്ങളുടെ പേരിലെ ന്‍ മാറ്റി ആ സ്ഥാനത്ത് രരു എന്നു ചേര്‍ക്കുകയാണ് അവര്‍ ചെയ്തത്. തെലുങ്കു പേരുകളായ സോമയാജലു, ശങ്കരരു എന്നിവ നോക്കുക. ഇതിലെ ബഹുമാന്യത സൂചിപ്പിച്ചുകൊണ്ടാണ് പ്രശസ്തഹാസ്യസാഹിത്യകാരനായിരുന്ന വി.കെ.എന്‍. പറഞ്ഞത് ഞാന്‍ എന്റെ ഡ്രൈവറെ ഡ്രൈവന്‍ എന്നേ വിളിക്കുകയുള്ളൂ എന്ന്. ഈ വൈശിഷ്ട്യത്തെ പിന്തുടര്‍ന്നാവണം ചെങ്ങന്നൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണര്‍ വാസുദേവരരു, ദാമോദരരു എന്നു തുടങ്ങി പേരു സ്വീകരിക്കുകയുണ്ടായി. ആലാക്കാവ് ദേവീക്ഷേത്ര ഉടമകളായ താനംചേരില്‍ ഇല്ലത്തെ കാരണവന്‍മാരുടെ പേരുകള്‍ നാരായണരു നാരായണരു, നാരായണരു വാസുദേവരു, നാരായണരു കൃഷ്ണരു എന്നിങ്ങനെയായിരുന്നു. 
നമ്പ്യാതിരി വിഭാഗത്തിന്റെ രാജകീയ പദവിയുടെ നിദാനമാണ് പഴയ ചില കുടുംബങ്ങളുടെ വീട്ടുപേരുകള്‍. കുതിരവട്ടത്ത് ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ ഉടമകളായ നമ്പ്യാതിരി കുടുംബത്തിന്റെ വീട്ടുപേര് ചിറമുഖത്ത് കൊട്ടാരം എന്നാണ്. കായംകുളത്തെ ഒരു പ്രമുഖ നമ്പ്യാതിരി കുടുംബത്തിന്റെ പേര് പിത്തമ്പില്‍ കൊട്ടാരം എന്നാണ്. ഈ പേരുകളൊന്നും യാദൃച്ഛികമായി ഉണ്ടായതല്ല. രാമയ്യന്റെയും രാജാ കേശവദാസന്റെയും കാലത്ത് നമ്പ്യാതിരി വിഭാഗത്തിന്റെ സ്വത്തുക്കള്‍ ധാരാളം ബലമായി പിടിച്ചെടുത്തിരുന്നുവെങ്കിലും ഇന്നും മിക്ക പഴയ കുടുംബങ്ങളിലും തേവാരപ്പുരകളും സ്വന്തം ക്ഷേത്രങ്ങളും കളരികളും കാവും കുളവും നാലുകെട്ടും എട്ടുകെട്ടും വരെ ഉണ്ട്. ഭൂപരിഷ്‌ക്കരണം പാപ്പരാക്കിയതും കോണ്‍ക്രീറ്റ് സംസ്‌ക്കാരം നാലുകെട്ടുകളെ നിലംപരിചാക്കിയതും മറക്കുന്നില്ല. തേവാരവും ക്ഷേത്രങ്ങളും മറ്റുമുള്ളവര്‍ വേദാധികാരമുള്ളവരും സമൂഹത്തില്‍ ഉന്നതസ്ഥാനമുള്ളവരും ആയിരുന്നെന്നും അവര്‍ നായര്‍ സമുദായത്തിന്റെ പൗരോഹിത്യവൃത്തി അംഗീകരിച്ചിരുന്നവരല്ലെന്നും ഇതില്‍ നിന്നും മനസ്സിലാക്കാം.          

3 comments:

  1. വളരെ നന്നായിട്ടുണ്ട് . നമ്പ്യാതി എന്നുള്ളതിന് നമ്പ്യാത്തി എന്ന് എഴുതിയിരിക്കുന്നത് തെറ്റായിപ്പോയി . ആയത് തിരുത്തുക . അമ്പലപ്പുഴ രാജാവിനെ പുരാതന ചരിത്രങ്ങളിൽ നമ്പ്യാതിരി എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് .

    ReplyDelete
  2. ഒരു കേരളോത്പത്തിയിൽ വെമ്മനാട്ട് നമ്പ്യാതിരിക്കാണ് പരശുരാമൻ യാഗാധികാരം നൽകിയിരിക്കുന്നത് എന്നാണ് എഴുതിയിരിക്കുന്നത് . കുമാരനല്ലൂർ നമ്പൂതിരി ഗ്രാമ ക്ഷേത്രമായ കുമാരനല്ലൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരിൽ 4 ഇല്ലക്കാർ നമ്പ്യാതിരിമാരാണെന്ന് ചട്ടമ്പിസ്വാമി എഴുതിയിട്ടുണ്ട് .കിടങ്ങൂർ ക്ഷേത്രത്തിന്റെ ഊരാണ്മക്കാരിലും നമ്പ്യാതിരിമാർ ഉണ്ട് . തിരുവില്ലാമല വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ ഊരായ്മ കക്കാട്ട് നമ്പ്യാതിരിക്കാണ് . കക്കാട്ട് നമ്പ്യാതിരി ഇപ്പോൾ കക്കാട്ട് നമ്പൂതിരിപ്പാടാണ് .

    ReplyDelete
  3. Lucky Club Casino site review - Lucky Club
    Lucky Club is one of the most trustworthy and reliable online casinos that we luckyclub.live have ever reviewed. The site's reviews are extremely  Rating: 4 · ‎Review by LuckyClub.live

    ReplyDelete